ലണ്ടൻ: ഇന്ധന പ്രതിസന്ധിയെ തുടർന്ന് വിമാന സർവീസുകൾ പ്രതിസന്ധിയിലേക്ക്. ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ പ്രതിസന്ധിയുടെ ഭാഗമായി ലോകത്താകമാനമുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ ഭാഗികമായി മുടങ്ങിത്തുടങ്ങി.
യൂറോപ്പിൽ ഇനി അഞ്ച് ആഴ്ചത്തേക്ക് മാത്രമുള്ള ജെറ്റ് ഇന്ധനമാണ് അവശേഷിക്കുന്നത്. അന്താരാഷ്ട്ര എനർജി ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാറ്റി ബിറലാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയത്.
മറ്റ് രാജ്യങ്ങൾക്കൊപ്പം യൂറോപ്പിലും ഇന്ധന പ്രതിസന്ധി ഏറെ രൂക്ഷമാണ്. ഇതുമൂലം ഡൊമസ്റ്റിക് സർവീസുകളും പ്രതിസന്ധിയിലായി. യൂറോപ്പ്യൻ യൂണിയൻ പ്രതിസന്ധി നേരിടുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ആരംഭിച്ചു.
യൂറോപ്പിലേക്ക് 75 ശതമാനം ജെറ്റ് ഇന്ധനവും മിഡിൽ ഈസ്റ്റിൽ നിന്നുമാണ് ലഭിക്കുന്നത്. ഇന്ധന പ്രതിസന്ധിയെ തുടർന്ന് മിക്ക എയർലൈനുകളും നിരക്ക് വർധനവ് ഏർപ്പെടുത്തി തുടങ്ങി.
യൂറോപ്പിലെ പ്രമുഖ വിമാന കമ്പനിയായ ലുഫ്താൻസാ, കെഎൽഎം, റയനേർ, എയർലിംഗസ്, എയർ ഫ്രാൻസ് തുടങ്ങിയവയുടെ നിരവധി വിമാന സർവീസുകളാണ് വെട്ടിച്ചുരുക്കിയത്. വരും ആഴ്ചകളിൽ യുദ്ധത്തിന് പരിഹാരം ആയില്ലെങ്കിൽ ഭൂരിഭാഗം വിമാന സർവീസുകളും നിർത്തിവയ്ക്കേണ്ട അവസ്ഥയിലാവും.
നൈജീരിയൻ എയർലൈൻസ് ഇന്ധന ചെലവുകളിൽ 270 ശതമാത്തിന്റെ വർധനവ് ഉണ്ടായതിനാൽ തങ്ങളുടെ സർവീസുകൾ ഏതുസമയവും നിർത്തിവയ്ക്കേണ്ട അവസ്ഥയിലാണെന്ന് വ്യക്തമാക്കുന്നു.
പ്രമുഖ വിമാന കമ്പനികളായ സിംഗപ്പുർ എയർലൈൻസ്, എയർ ന്യൂസിലൻഡ്, ക്വാണ്ടസ്, വെർജിൻ ഓസ്ട്രേലിയ, ഖത്തർ എയർവെയ്സ്, എമിറേറ്റ്സ്, എത്തിഹാദ്, ഗൾഫ് എയർ തുടങ്ങിയവയുടെ സർവീസുകളും ഇതിനകം വെട്ടിച്ചുരുക്കി.